“മോന്ത”യിലെ രാഷ്ട്രീയം! (The Politics of the Face)

കുറച്ചു വർഷങ്ങൾക്ക് മുൻപ്, നസ്രാണി വീടുകളിലെ അടുക്കളപ്പുറങ്ങളിൽ മാറ്റമില്ലാതെ തുടരുന്ന ആ ചായക്കറ പിടിച്ച ഗ്ലാസ്സുകളെക്കുറിച്ച് ഞാൻ എഴുതിയിരുന്നു. കാലം മാറി, പക്ഷേ ആ കറകൾ നമ്മുടെ ബോധമണ്ഡലത്തിൽ ഇന്നും മായാതെ കിടപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ വീട്ടിൽ വെച്ചുണ്ടായ ഒരു സംഭാഷണത്തിനിടയിലാണ്.

വീട്ടിൽ വന്ന അപ്പയുടെ  ഒരു സുഹൃത്തും ഭാര്യയും രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പും പിണറായി സർക്കാരുമായിരുന്നു വിഷയം. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പക്ഷേ, ആ സ്ത്രീ പറഞ്ഞ ഒരു വാചകം എന്നെ വല്ലാതെ അസ്വസ്ഥയാക്കി.

പിണറായിയുടെ മോന്ത കണ്ടാൽ മതിയല്ലോ…”

തുടർന്ന് അവർ ഉമ്മൻചാണ്ടി എന്ന മുൻ മുഖ്യമന്ത്രിയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിനെക്കുറിച്ച് വാചാലയായി. ഇത് കേവലം രണ്ട് രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള താരതമ്യമായി എനിക്ക് തോന്നിയില്ല. പകരം, നൂറ്റാണ്ടുകളായി നമ്മുടെ സമുദായം കാത്തുസൂക്ഷിക്കുന്ന ‘ശരീരഭാഷാ ജാതീയതയുടെ’ (Physiognomy of Caste) മറ്റൊരു മുഖമാണ് അവിടെ കണ്ടത്.

നസ്രാണി ബോധമണ്ഡലത്തിൽ ഉമ്മൻചാണ്ടി എന്നത് നമ്മുടെ തന്നെ ഒരു പ്രതിരൂപമായിരുന്നു. വിനയം തുളുമ്പുന്ന പെരുമാറ്റം, പള്ളിപ്പെരുന്നാളുകളിൽ മുൻനിരയിൽ നിൽക്കുന്ന തറവാടിത്തം, ഇതെല്ലാം നമ്മുടെ ‘നല്ലവൻ’ സങ്കൽപ്പങ്ങളുമായി ഒത്തുപോയിരുന്നു. അദ്ദേഹം നമ്മുടെ ഇടയിലുള്ള ഒരാളായിരുന്നു, അല്ലെങ്കിൽ നമ്മുടെ തറവാടിത്തത്തിന്റെ അളവുകോലുകളിൽ കൃത്യമായി ഇരിക്കുന്ന ഒരാൾ.

പിണറായി വിജയൻ എന്ന നേതാവ് ഈ സവർണ്ണ അളവുകോലുകൾക്ക് പുറത്താണ് നിൽക്കുന്നത്. ശരീരഭാഷയും, ശബ്ദവും, ആരോടും വിനീതനാവാത്ത നിലപാടുകളും ‘അഹങ്കാരമായി’ നമ്മുടെ അടുക്കളകളിലും ഉമ്മറങ്ങളിലും വ്യാഖ്യാനിക്കപ്പെടുന്നു. സത്യത്തിൽ ആ ‘മോന്ത’യോടുള്ള വെറുപ്പ് കക്ഷി രാഷ്ട്രീയമല്ല, മറിച്ച് ഒരു പ്രത്യേക സമുദായത്തിൽ നിന്ന് വന്ന ഒരാൾ, തങ്ങളുടെ മുൻപിൽ നട്ടെല്ല് നിവർത്തി നിൽക്കുന്നു എന്നതിനോടുള്ള അസഹിഷ്ണുതയാണ്.

പണ്ട് അടുക്കളവാതിൽക്കൽ ‘ചാപ്പി’ കുടിക്കാൻ ഗ്ലാസ്സുമായി നിന്നിരുന്ന ഒരു വർഗ്ഗത്തിന്റെ പ്രതിനിധി ഇന്ന് തങ്ങളെ ഭരിക്കുന്നു എന്ന സത്യം ഉൾക്കൊള്ളാൻ പഴയ ‘നമ്പൂതിരി ക്രിസ്ത്യാനി’ക്ക് സാധിക്കുന്നില്ല. ഉമ്മൻചാണ്ടി സാറിനോടുള്ള ആരാധനയിൽ ഒരു വലിയ പങ്കും ആ ‘നമ്മളിലൊരാൾ’ എന്ന ജാതീയമായ സുരക്ഷിതബോധമായിരുന്നു.

അയൽക്കാരനെ സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിനെക്കാൾ വലിയവനാണ് നമുക്ക് ജാതി. അതുകൊണ്ടാണ് വികസനത്തെക്കുറിച്ചോ ഭരണത്തെക്കുറിച്ചോ സംസാരിക്കുമ്പോൾ പോലും, ഒരാളുടെ മുഖച്ഛായയെയും വംശമഹിമയെയും കുറിച്ച് നമ്മൾ ആകുലപ്പെടുന്നത്. അയിത്തമില്ല എന്ന് അവകാശപ്പെടുമ്പോഴും, അധികാര കസേരയിലിരിക്കുന്നവന്റെ ജാതി നോക്കി ‘മോന്ത’ അളക്കുന്ന ഈ പ്രവണതയാണ് യഥാർത്ഥത്തിൽ മാറ്റമില്ലാതെ തുടരുന്ന ആ ചായക്കറ.

വരുന്ന തലമുറയെങ്കിലും ഭരണാധികാരിയെ അളക്കേണ്ടത് അവരുടെ കുലമഹിമ കൊണ്ടോ, മുഖത്തെ ‘വിനയം’ കൊണ്ടോ അല്ല, മറിച്ച് അവരുടെ കർമ്മങ്ങൾ കൊണ്ടാവണം. അല്ലാത്തപക്ഷം, നമ്മുടെ വീടുകളിലെ ആ കറ പിടിച്ച ഗ്ലാസ്സുകൾ സ്മാരകങ്ങളായല്ല, നമ്മുടെ ഉള്ളിലെ അഴുകിയ ചിന്തകളുടെ അടയാളങ്ങളായി തന്നെ തുടരും.

Leave a comment