ബിബ്ലിക്കൽ അയിത്തം

മധ്യതിരുവിതാംകൂർ ഭാഗത്തുള്ള നസ്രാണി വീടുകളുടെ അടുക്കളയുടെ ഒരു ഭാഗത്തു നിറം മങ്ങി, ചായക്കറ പിടിച്ചിരിക്കുന്ന ഒരു ഗ്ലാസ്സെങ്കിലും കാണാം.

വർഷങ്ങളോളം ആയ കറ കഴുകിയാലും പോവില്ല. അതൊരു സ്മാരകം പോലെ അങ്ങനെ ഇരിക്കും. എന്തൊക്കെയോ ഓർമ്മിപ്പിക്കുന്നോണം.

നസ്രാണികളുടെ ജാതീയതയെ കുറിച്ച് പറയുമ്പോൾ എന്നോട് എപ്പോഴും ആരെങ്കിലും ചോദിക്കും, “അതെന്ന, വേറെ ഒള്ള കൂട്ടരുടെ ഒന്നും ജാതീയത നീ കാണുന്നില്ലേ?”

ഉണ്ടല്ലോ! പക്ഷെ ഞാൻ നേരിട്ടു കണ്ടും , കേട്ടും എൻറെ കൂട്ടത്തിൽ ഉള്ളവരുടെ തന്നെ ജാതീയതയെ കുറിച്ച് അറിയുമ്പോൾ, പിന്നെ ഞാൻ പുറത്തുള്ളവരെക്കുറിച്ചു എന്തിനാ ചിന്തിക്കുന്നത്?

ചിന്തിക്കില്ല എന്നല്ല ! ഇതാണ് എനിക്ക് പറയാൻ തോന്നുന്നത്! ഇതേ തോന്നുന്നുള്ളൂ..

തോമാശ്ലീഹാ നേരിട്ടെത്തി മാമോദീസ കഴിപ്പിച്ച ‘നമ്പൂരിമാർ’ എന്ന് പറയുന്നിടത്തു തുടങ്ങുന്നു ഞാൻ ജനിച്ചു വീണ സമൂഹത്തിന്റെ ഒളിഞ്ഞും മറഞ്ഞും ഉള്ള ജാതി ചിന്ത.

ചായ ഗ്ലാസ്സിലേക്കു തിരിച്ചു വരാം. ജാതി, വർണ്ണം, മുതലാളിത്തം ഇതെല്ലം അനുഭവിച്ചറിയാൻ പറ്റിയ സ്ഥലമാണ് അടുക്കളപ്പുറങ്ങൾ.

അച്ചായന്മാരും, മക്കളും അവരവരുടെ സ്വാധനുസരിച്ചുള്ള ഭക്ഷണം കഴിഞ്ഞു പോവുമ്പോൾ ചിലയിടത്തു ജോലിക്കു വരുന്നവർക്ക് കൊടുക്കുന്ന ഒരു സ്പെഷ്യൽ ഐറ്റത്തെ കുറിച്ച് കേട്ടിട്ടുണ്ട്.

“ചാപ്പി”, അതുതന്നെ. ബാക്കി വരുന്ന ചായയും കാപ്പിയും ജോലിക്ക് വരുന്നവരുടെ ഗ്ലാസ്സിലേക്കു ഒഴിച്ച് കൊടുക്കുന്നതു തന്നെ .

രണ്ടും മൂന്നും ദിവസം കഴിഞ്ഞ ഉപ്പുമാവും പുട്ടും പണിയെടുക്കാൻ വരുന്നവർക്ക്‌ കൊടുത്തു ഫ്രിഡ്ജിലെ സ്ഥലം ഒതുക്കുന്നവരുടെ കഥയും കേട്ടിട്ടുണ്ട്.

വയർ നിറയെ കൊടുക്കാതെ, മറ്റുള്ളവരോട് “ഓഹ്! ഇവറ്റകൾക്കൊക്കെ എന്തൊരു വയറാ” എന്ന് പറയുമ്പോ തീരെ ചിന്താ ശേഷിയില്ലാത്ത ഒരു വർഗ്ഗമായി മാറുന്നു ഈ അച്ചായത്തികൾ.

ഞങ്ങൾ ഈ പ്രാചീന മതങ്ങളെപ്പോലെ അല്ല. ഞങ്ങൾക്ക് അയിത്തം ഒന്നുമില്ല എന്ന് പറയുന്നവർക്ക് പക്ഷെ മക്കളെ അവർക്കു കൊടുക്കാനോ, അവരെ തങ്ങളുടെ സ്വന്തം ആയി കാണാനോ ആവില്ല!

ഇത് എല്ലാ കൂട്ടരുടെയും കഥയാണ്. കത്തോലിക്കരും, ഓർത്തഡോക്സ്‌കാരും, മാർത്തോമക്കാരും, എന്തിനു പുതുമക്കാരായ പെന്തകൊസ്തുകാരും ഈ കാര്യത്തിൽ ഒരേ പോലെയാണ്!

അയൽക്കാരെയും തങ്ങളെപ്പോലെ തന്നെ സ്നേഹിക്കാൻ പറഞ്ഞ യേശു ക്രിസ്തുവിനെ സത്യത്തിൽ കളിയാക്കുകയാണ് ഇവരെല്ലാം എന്ന് തോന്നിപ്പോവും.

ഇതിലൊന്നും പ്രേത്യേകിച്ചു ഒരു മാറ്റവും വരാൻ പോകുന്നില്ല. ജാതിയും, വർണ്ണവെറിയും ഒക്കെ ഓരോ രൂപത്തിലും ഭാവത്തിലും മാറിയും മറിഞ്ഞും എല്ലാ സമൂഹത്തിലും നിലനിൽക്കും.

വരുന്ന തലമുറയെങ്കിലും ഇതൊക്കെ തിരിച്ചറിഞ്ഞു ഒന്ന് മാറി ചിന്തിക്കാൻ തയ്യാറായാൽ നന്നായിരുന്നു!

ഇനിയും സംസാരിക്കാം ഇതേ കുറിച്ച്, കാരണം ആരെങ്കിലും സംസാരിക്കണം എങ്കിലേ ഇതൊക്കെ നിലനിൽക്കുന്നു എന്ന് ആരെങ്കിലും ഒക്കെ ചിന്തിക്കൂ !

Leave a comment